National

അന്താരാഷ്ട്ര ചട്ടം ലംഘിച്ചെന്ന ആരോപണം; കാനഡയെ തള്ളി ഇന്ത്യ

Spread the love

കാനഡയ്ക്ക് ശക്തമായ ഭാഷയില്‍ ഇന്ത്യയുടെ മറുപടി. ഇന്ത്യയില്‍ നിന്നു 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായി കാനഡ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി ആരോപിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് വിയന്ന കണ്‍വെന്‍ഷന്‍ ചട്ടം അനുസരിച്ചാണെന്ന് ഇന്ത്യ മറുപടി നല്‍കി. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതായും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ അന്ത്യശാസനം അംഗീകരിച്ച് 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി, നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഒറ്റരാത്രികൊണ്ട് പിന്‍വലിച്ചതില്‍ ഇന്ത്യയ്ക്ക് വിശദീകണം ഇല്ലെന്നും, നടപടി അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും വിമര്‍ശിച്ചു.

ആരോപണം തള്ളിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 11.1 അനുസരിച്ചാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ കാനഡയോടെ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതായും പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും പിന്‍വലിച്ചതോടെ മുംബൈ, ചണ്ഡിഗഡ്, ബംഗളൂരു എന്നീ കോണ്‍സുലേറ്റുകളില്‍ വിസ സേവനങ്ങള്‍ ഇനി ലഭ്യമാകില്ല. ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിന് പിന്നാലെ ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്മാര്‍ക്കായി പുതിയ യാത്രാമുന്നറിയിപ്പ് പുറത്തിറക്കി. കാനഡ വിരുദ്ധ വികാരത്തിനും പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ടെന്നും പൗരന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയുമായി ചര്‍ച്ച തുടരും എന്നു കാനഡ വ്യക്തമാക്കി.