ബെംഗളൂരുവിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; രക്ഷനേടാൻ നാലാം നിലയിൽ നിന്ന് ചാടിയ യുവാവിന് പരുക്കേറ്റു
ബെംഗളൂരുവിൽ നാലു നിലകെട്ടിടത്തിൽ വൻ തീപിടിത്തം. ബെംഗളൂരുവിലെ കോറമംഗല മേഖലയിലാണ് സംഭവം. കെട്ടിടത്തിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന പബ്ബിലായിരുന്നു തീപിടിത്തം ഉണ്ടായത്.അപകടത്തിൽ നിന്നും രക്ഷ നേടാൻ നാലാം നിലയിൽ നിന്ന് ചാടിയ ആൾക്ക് പരുക്കേറ്റു.
ബഹുനില കെട്ടിടത്തിൽ കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്ന് ആറ് ഫയർ യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
തീ ഏറെക്കുറെ നിയന്ത്രണ വിധേയമായെന്നാണ് വിവരം. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടർന്ന് പിടിച്ചിട്ടില്ല. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കാലിനും കൈക്കും പൊട്ടലുണ്ട്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ മറ്റാർക്കും പരുക്കില്ല