തുലാമാസ പൂജക്കായി ശബരിമല നട തുറന്നു; മേൽശാന്തി നറുക്കെടുപ്പ് നാളെ
തുലാമാസ പൂജകളുടെ ഭാഗമായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നട തുറന്ന് ദീപം തെളിയിച്ചു. മാളികപ്പുറം ക്ഷേത്ര നട മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി തുറക്കും. ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകളൊന്നും തന്നെയില്ല.
നാളെ രാവിലെ പുലർച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പിന്നാലെ നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.30-ന് മണ്ഡപത്തിൽ മഹാഗണപതിഹോമം നടക്കും. ഇതിന് ശേഷം നെയ്യഭിഷേകം ആരംഭിക്കും. രാവിലെ 7.30-ന് ഉഷപൂജ കഴിഞ്ഞതിന് ശേഷം പുതിയ മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് നടക്കും.
7 പേരാണ് ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. 12 പേർ മാളികപ്പുറം മേൽശാന്തി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പന്തളം കൊട്ടാരത്തിൽ നിന്നും എത്തുന്ന വൈദേഹും, നിരുപമ ജി വർമ്മയുമാകും മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുക്കുക. ഈ മാസം 22 വരെ ശബരിമല ദർശനത്തിന് സൗകര്യമുണ്ട്.