‘പലസ്തീന്‍ ജനതയ്‌ക്കൊപ്പം തന്നെ’; പ്രസ്താവനയില്‍ വിശദീകരണവുമായി കെ കെ ശൈലജ
‘ഹമാസ്’ ഭീകരരാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി കെ കെ ശൈലജ എംഎല്‍എ. പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ് താനെന്നും എന്നാല്‍ ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു. നൂറുശതമാനവും തന്റെ നിലപാട് പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്, അല്ലാതെ അവരെ വേട്ടയാടുന്ന ഇസ്രയേലിനൊപ്പമല്ല. ഇരുഭാഗത്ത് നിന്നുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും കെ കെ ശൈലജ കണ്ണൂരില്‍ വ്യക്തമാക്കി.
ഹമാസ് യുദ്ധ തടവുകാരെ വച്ച് വില പേശുന്നത് ശരിയല്ല. സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത മനുഷ്യത്വമുള്ളവര്‍ക്ക് അംഗീകരിക്കാനാകില്ല. താന്‍ പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. ഇരുഭാഗത്ത് നിന്നുമുള്ള ക്രൂരത അവസാനിപ്പിക്കണം. തനിക്കെതിരെ പ്രചാരണം നടത്തിയത് ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണെന്നും കെ കെ ശൈലജ പ്രതികരിച്ചു.
ഇത് രണ്ടാം തവണയാണ് കെ കെ ശൈലജ എംഎല്‍എ പലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍, വിശദീകരണവുമായി എത്തുന്നത്. യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു ആദ്യം ഫേസ്ബുക്ക് പോസ്റ്റില്‍ ശൈലജ കുറിച്ചത്. പിന്നാലെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതിന് ശേഷം ഇടതുപക്ഷം എപ്പോഴും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് കെ കെ ശൈലജ മറ്റൊരു എഫ്ബി കുറിപ്പില്‍ വ്യക്തമാക്കി. ഈ വിശദീകരണം ആവര്‍ത്തിക്കുകയാണ് ഇന്നും.