Kerala

‘കേരളീയത്തിനായി കോടികൾ’; സർക്കാർ ചെലവാക്കുന്നത് 27.12 കോടി, ധനവകുപ്പ് തുക അനുവദിച്ചു

Spread the love

സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്കായി സംസ്ഥാന സർക്കാർ ചെലവാക്കുന്നത് 27.12 കോടി രൂപ. തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതിന് പുറമെ സ്പോൺസർഷിപ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം-2023 പരിപാടി സംഘടിപ്പിക്കുന്നത്.

തലസ്ഥാന ജില്ലയിൽ കേരള പിറവിദിനമായ നവംബർ ഒന്ന് മുതൽ 7 വരെയാണ് പരിപാടി. രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി, നികുത്തിപണം ധൂർത്തടിക്കാനുള്ള മാർഗമാണെന്നാണ് പ്രതിപക്ഷ ആരോപണം. കേരളം സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴറുമ്പോഴുള്ള ധൂർത്തിൽ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷം നിലപാട്.

രൂക്ഷവിമർശനങ്ങൾ നിലനിൽക്കെയാണ് പരിപാടിക്ക് തുക അനുവദിച്ച് ധനവകുപ്പ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. എക്‌സ്‌പെൻഡിച്ചർ കമ്മിറ്റി സമർപ്പിച്ച 27.12 കോടിയുടെ ബജറ്റിന് ധനവകുപ്പ് അംഗീകാരം നൽകി. നേരത്തെ പരിപാടി നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഈ വിഭാഗങ്ങൾക്കെല്ലാം തുക അനുവദിച്ചാണ് ഉത്തരവ്.

കൾച്ചറൽ കമ്മിറ്റി സംസ്കാരിക പരിപാടികൾക്ക് ചെലവാക്കുന്നത് 3,14 കോടിയാണ്. ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റിക്ക് 8.5 ലക്ഷവും, പ്രദർശനത്തിന് 9.39 കോടിയും, വൈദ്യുത അലങ്കാരത്തിന് 2.97 കോടിയും, പ്രചാരണത്തിന് 3.98 കോടിയും അടക്കം കണക്കുകളുടെ പട്ടിക ഉത്തരവിലുണ്ട്. ടൂറിസം വകുപ്പിൻ്റെ ഹെഡിൽ നിന്ന് ഇതിനുള്ള തുക വകമാറ്റാനാണ് നിർദ്ദേശം. കൂടുതൽ പശ്ചാത്തല സൗകര്യങ്ങൾ ആവശ്യമെങ്കിൽ വകുപ്പുകൾക്ക് തുക അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു. ചുരുക്കത്തിൽ ഇപ്പോൾ അനുവദിച്ച തുക വീണ്ടും വർധിക്കും.