കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ആംബുലൻസിൽ നഴ്സിനെ നിയമിക്കാൻ നിർദേശം നൽകി: ആരോഗ്യമന്ത്രി
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡി ലെവൽ ആംബുലൻസിൽ നഴ്സിനെ നിയമിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയ്ക്ക് നിർദ്ദേശം നൽകിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എച്ച്ആറിൽ ഉണ്ടായ സങ്കേതിക പ്രശ്നമാണ് നിയമനം വൈകാൻ ഇടയാക്കിയതെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവാക്കി വാങ്ങിയ അത്യാധുനിക സൗകര്യമുളള ആംബുലൻസ് നഴ്സില്ലെന്ന കാരണത്താൽ കഴിഞ്ഞ എട്ട് മാസമായി ഓടാതെ നിർത്തിയിട്ടിരിക്കുകയാണ്.
ഈ വിവരം ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അടിയന്തിര പ്രാധാന്യത്തോടെ വാഹനത്തിൽ നഴ്സിനെ നിയമിക്കണമെന്ന് ആശുപത്രി മാനേജ്മെന്റിന് മന്ത്രി നിർദ്ദേശം നൽകിയത്. നിയമനവുമായി ബന്ധപ്പെട്ട് എച്ച് ആറിൽ ഉണ്ടായ സാങ്കേതിക തടസ്സമാണ് കാലതാമസത്തിനിടയാക്കിയതെന്ന് മന്ത്രി പറഞ്ഞു. ആംബുലൻസിൽ മുൻപ് ഉണ്ടായിരുന്ന നഴ്സ് ജോലി ഉപേക്ഷിച്ച് പോയതോടെ പ്രവർത്തനം അവതാളത്തിലാവുക ആയിരുന്നു.
താത്കാലികമായി നഴ്സിനെ നിയമിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും സാങ്കേതിക തടസ്സം നിരത്തി ആശുപത്രി അധികൃതരോ നഗരസഭയോ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ല. സ്വകാര്യ ആംബുലൻസിനെ സഹായിക്കുന്ന നിലപാടാണ് കട്ടപ്പന നഗരസഭ ഭരണ സമിതിക്കുള്ളതെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ ആംബുലൻസിൽ റീത്ത് വച്ച സംഭവവും അടുത്തിടെ നടന്നിരുന്നു. മന്ത്രി ഇടപെട്ടതിനാൽ നിയമനം വേഗത്തിലാക്കി ആംബുലൻസ് പ്രവർത്തന സജ്ജമാക്കാനാകും എച്ച് എം സി യുടെ ശ്രമം.