National

പണത്തോട് ആർത്തി, 7 കുഞ്ഞുങ്ങളെ വിറ്റ് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ, അവയവക്കടത്തിലും പങ്ക്

Spread the love

ചെന്നൈ : തമിഴ്നാട് നാമക്കലിൽ നവജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ. സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അനുരാധയും ബ്രോക്കറുമാണ് അറസ്റ്റിലായത്. പണത്തോടുള്ള ആർത്തിയിൽ ആതുര സേവനത്തിന്റെ വില മറന്ന വനിത ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാമക്കൽ ജില്ലയിലെ തിരുചെങ്കോട് സർക്കാർ ആശുപത്രിയിൽ എത്തുന്ന പാവങ്ങളെയാണ് 49കാരിയായ വനിത ഡോക്ടർ ലക്ഷ്യമിട്ടത്. രണ്ടു കുട്ടികൾ ഉള്ള അമ്മമാരുടെ അടുത്തേക്ക് സഹായിയായ ലോകമ്മാളെ അയക്കും. ആൺകുട്ടിക്ക് 5000, പെൺകുട്ടിക്ക് 3000 രൂപ നിരക്കിൽ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കും. ഇങ്ങനെ ഏഴു കുഞ്ഞുങ്ങളെ കൈമറി പണം വാങ്ങിയെന്നാണ് അനുരാധയുടെ കുറ്റസമ്മതമൊഴി.

നവജാതശിശുവിന് സുഖമില്ലാതായത്തോടെ ഒക്ടോബർ 12 ന് ആശുപത്രിയിൽ എത്തിയ ദിനേശ് -നാഗജ്യോതി ദമ്പതികളെ ലോകമ്മാൾ സമീപിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്. സംശയം തോന്നിയ ഇരുവരും ജില്ലാ കളക്ടർക്കും എസ് പിക്കും പരാതി നൽകി. അന്വേഷണത്തിന് ഒടുവിൽ ഡോക്ടരും ബ്രോക്കറും കുടുങ്ങി. അവയവ കടത്തിലും ഇരുവരും ഏർപ്പെട്ടതായും തിരുച്ചിറപ്പല്ലി തിരുനെവേലി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലെ ചിലരുടെ സഹായം കിട്ടിയെന്നും സൂചനയുണ്ട്. അനുരാധയെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും സംസ്ഥാന വ്യാപക അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു.