പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം; അന്വേഷിക്കുമെന്ന് കമ്മിഷണർ, അപകട കാരണം കണ്ടെത്താൻ നിർദേശം
കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം വിശദമായി അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ അജിത് കുമാർ . വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന പ്രചാരണം തെറ്റാണ്. അപകട കാരണം കണ്ടെത്താൻ നിർദേശം നൽകി. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടോയെന്നും പരിശോധിക്കും. ടൗൺ ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കണ്ണൂർ എആർ ക്യാമ്പിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ബാരിക്കേഡ് തകർത്ത ശേഷമാണ് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയത്. ഈ സമയം പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന മറ്റൊരു കാറിനെ പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. കാറിടിച്ച് ഇന്ധമടിക്കുന്ന യന്ത്രവും തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
ജീപ്പ് തുരുമ്പുപിടിച്ച നിലയിലായിരുന്നു. ജീപ്പില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിലായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാര്‍ പറയുന്നു. കാറില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.