നിരപരാധികളായ പലസ്തീൻ കുടുംബങ്ങളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു; ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ
ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഹമാസ് നിരപരാധികളായ പലസ്തീൻ കുടുംബങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. ഒക്‌ടോബർ ഏഴിന് ഹമാസ് ആരംഭിച്ച ഭീകരാക്രമണം ഹോളോകോസ്റ്റിനു ശേഷം ജൂതന്മാർ അനുഭവിക്കേണ്ടി വന്ന ഏറ്റവും രക്തരൂക്ഷിതമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.
ബൈഡൻ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. എന്നാൽ ഗാസയിലേക്കുള്ള ഇസ്രയേലിന്റെ ബോംബാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ആക്രമണത്തിൽ 2,200ൽ അധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരിൽ നാലിലൊന്ന് പേരും കുട്ടികളാണെന്നും ഗാസ അധികൃതർ അറിയിച്ചു. പതിനായിരത്തോളം പേർക്കാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. രാത്രികാല വ്യോമാക്രമണത്തിൽ പരുക്കേറ്റ് വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പത്തുലക്ഷം പേർ വീടുവിട്ടുപോയതായാണ് റിപ്പോർട്ടുകൾ.
ഇസ്രയേൽ അതിർത്തി ഗ്രാമങ്ങളായ നിരീം, നിർ ഓസ് എന്നിവിടങ്ങളിൽ നടന്ന കൊലപാതകത്തിൽ പങ്കാളിയാണെന്ന് കരുതുന്ന മറ്റൊരു ഹമാസ് കമാൻഡറെ കൂടി ഇസ്രായേൽ സൈന്യം വധിച്ചു. കമാൻഡർ ബില്ലാൽ അൽ-ഖേദ്ര വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ വ്യോമസേന (ഐഎഎഫ്) ഞായറാഴ്ച അറിയിച്ചു.