Kerala

തിരുവനന്തപുരത്ത് കനത്ത മഴ; റോഡുകളിൽ വെള്ളം കയറി; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

Spread the love

തിരുവനന്തപുരത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുന്നു. ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ റോഡുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി. ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുന്ന രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. നിരവധി വീടുകൾ വെള്ളിത്തിലാണ്.

താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. രാത്രി ഒരു മണി മുതൽ വീടുകളിൽ വെള്ളം കയറിയെന്ന് നാട്ടുകാർ പറഞ്ഞു. കൊച്ചിയിലും ഇന്നലെ മുതൽ പെയ്ത കനത്ത മഴയെത്തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഴ, രാത്രിയോടെ ശക്തമാവുകയായിരുന്നു. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഒക്ടോബർ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.