അട്ടപ്പാടിയിൽ ഭീതിവിതച്ച് കാട്ടാനക്കൂട്ടം; ഊര് നിവാസികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അട്ടപ്പാടി പട്ടിമാളം ഊരില്‍ ഭീതി വിതച്ച് കാട്ടാനക്കൂട്ടം. ഇന്നലെ രാത്രിയിലാണ് 6 കാട്ടാനകൾ അടങ്ങുന്ന കൂട്ടം ഊരിനുളളില്‍ എത്തിയത്.
വീടുകള്‍ക്ക് അകത്തേക്ക് വരെ കാട്ടാനക്കൂട്ടം കയറാന്‍ ശ്രമിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ഊര് നിവാസികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
അതേസമയം, കുണ്ടള മൂന്നാർ എസ്റ്റേറ്റ് റോഡിൽ ഇറങ്ങിയ പടയപ്പയും ആളുകളെ തടഞ്ഞ് ഭീതി പടർത്തി. കാട് കയറാതെ പടയപ്പ കുണ്ടള എസ്റ്റേറ്റിൽ തുടരുകയാണ്. നാട്ടുകാർ ഓടിക്കാൻ ശ്രമിച്ചിട്ടും ജനവാസ മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ് പടയപ്പ. നാട്ടുകാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രകോപനമുണ്ടാക്കിയത്. ബഹളം വച്ചതോടെ ഇവർക്ക് നേരെ കാട്ടാന തിരിഞ്ഞു.
മൂന്നാർ മറയൂർ റോഡിൽ കന്നിമല, നയമക്കാട് എസ്റ്റേറ്റ് ഭാഗത്താണ് പടയപ്പയെ സാധാരണ കണ്ടുവന്നത്. എന്നാൽ, സമീപ നാളുകമായി ടോപ് സ്റ്റേഷനിലേക്കുള്ള വഴിയിൽ ചെണ്ടുവരൈ, എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളിൽ പടയപ്പ എത്തിയിരുന്നു. രണ്ടാഴ്ചമുമ്പ് സൈലൻറ് വാലി എസ്റ്റേറ്റിലിറങ്ങിയ പടയപ്പ റേഷൻകട തകർത്തിരുന്നു.