മഹാരാഷ്ട്രയിൽ വൻ വാഹനാപകടം: മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു
മഹാരാഷ്ട്രയിൽ വൻ വാഹനാപകടം. മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു. 23 പേർക്ക് പരിക്ക്. ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്.
എക്സ്പ്രസ് വേയിലെ വൈജാപൂർ മേഖലയിൽ പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. സ്വകാര്യ മിനി ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും വിവരമുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടെ 12 യാത്രക്കാർ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായും ഇവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.