Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്ത്കൂടി കണ്ടുകെട്ടി ഇഡി

Spread the love

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 57.75 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.
കേരളത്തിലും കര്‍ണാടകയിലുമായി 117 ഇടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.കണ്ടുകെട്ടിയ സ്വത്തുക്കളില്‍ 11 വാഹനങ്ങള്‍, 92 ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയും ഉള്‍പ്പെടും. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റൃത്യത്തില്‍ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കേസ് അന്വേഷണത്തിനിടെ ഇതുവരെ ആകെ 87.75 കോടിയുടെ സ്വത്ത് ആണ് കണ്ടുകെട്ടിയതെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസം റബ്കോ എം ഡി പിവി ഹരിദാസൻ കൊച്ചി ഇഡി ഓഫീസിലെത്തിയിരുന്നു.ബാങ്കും റബ്കോയും തമ്മിൽ നടത്തിയ ചില ഇടപാടുകളിലെ വ്യക്തതക്കായാണ് വിളിച്ചുവരുത്തിയത്. റബ്കോയിക്ക് കരുവന്നൂർ ബാങ്ക് ചില വായ്പകളും അനുവദിച്ചിരുന്നു. ഇതെല്ലാം അന്വേഷണ പരിധിയിലുണ്ട്. റബ്കോയും കരുവന്നൂര്‍ ബാങ്കും തമ്മിലുള്ള സാമ്പത്തിക ഇടപാടകളുടെ പത്ത് വര്‍ഷത്തെ രേഖകളുമായി ഹാജരാകാനായിരുന്നു ഇഡി നിര്‍ദേശം.കരുവന്നൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്ന തട്ടിപ്പ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നടക്കില്ലെന്നാണ് ഇഡി വിലയിരുത്തല്‍. ഇതിനാലാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചത്. റബ്കോ എം.ഡിക്ക് പുറമെ സഹകരണ രജിസ്ട്രാര്‍ ടി.വി സുഭാഷും ഇ‍‍ഡിക്ക് മുമ്പാകെ ഹാജരായിരുന്നു.