World

‘ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഗാസയ്ക്ക് വെള്ളവും വൈദ്യുതിയും ഇല്ല’; കടുപ്പിച്ച് ഇസ്രയേല്‍

Spread the love

ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ ഗാസയിലേക്ക് വെള്ളവും വൈദ്യുതിയും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് അനുവദിക്കില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി ഇസ്രയേല്‍ കട്‌സ് പറഞ്ഞു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ നിന്ന് നിരവധി പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയിരുന്നു. ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ ഗാസയ്ക്ക് നേരെ ഇസ്രയേല്‍ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്.

ആക്രമണം കടുപ്പിച്ച ഇസ്രയേല്‍ ഗാസയിലേക്കുള്ള ജലവിതരണവും വൈദ്യുതി, ഭക്ഷണം വിതരണത്തിലും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ‘ഇസ്രയേലില്‍ നിന്നുള്ള ബന്ദികള്‍ മടങ്ങിയെത്തുന്നതുവരെ ഗാസയിലെ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല’ മന്ത്രി പ്രസ്തവാനയില്‍ വ്യക്തമാക്കി.

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പലസ്തീന്റെ ഏക താപനിലയം ബുധനാഴ്ച അടച്ചുപൂട്ടിയിരുന്നു. ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഇരുഭാഗത്തുമായി മരണം 3,600 കടന്നു. കരയുദ്ധത്തിലേക്ക് ഇസ്രയേല്‍ സൈന്യം കടന്നേക്കുമെന്ന് റിപ്പോര്‍ട്ട്.