‘കോടതി വഴി കുട്ടിയെ കൊല്ലാനാണോ ഉദ്ദേശ്യം?’ ഗർഭച്ഛിദ്ര കേസിൽ സുപ്രീം കോടതിയുടെ വിമർശനം
കോടതി ഉത്തരവിലൂടെ കുട്ടിയെ കൊല്ലാനാണോ ഹർജിക്കാരി ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതി. 26 ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാൻ അനുമതി നൽകണമെന്ന 27 കാരിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ വിമർശനം. അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് യുവതിയോട് സംസാരിക്കണമെന്ന് യുവതിയുടെയും കേന്ദ്രത്തിന്റെയും അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
26 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന വിവാഹിതയായ യുവതിയുടെ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ തനിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായോ സാമ്പത്തികമായോ മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലെന്നുമാണ് യുവതി ഉന്നയിക്കുന്നത്. ഒക്ടോബർ 9 ന് ഹർജി പരിഗണിച്ച കോടതി ഗർഭം തുടരാൻ യുവതിയോട് നിർദ്ദേശിച്ചിരുന്നു.
തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ഇന്നലെ ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബിവി നാഗരത്ന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിഷയത്തിൽ വിഭജിച്ച് വിധി പ്രസ്താവിച്ചത്. ഇതേത്തുടർന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിച്ചത്. എന്തുകൊണ്ടാണ് ഗർഭച്ഛിദ്രത്തിന് നേരത്തെ അനുമതി തേടാത്തതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, 26 ആഴ്ച വരെ യുവതി അവിടെയായിരുന്നുവെന്നും ചോദിച്ചു.
“നിങ്ങൾ 26 ആഴ്ചയായി എന്തുചെയ്യുകയായിരുന്നു? നിങ്ങൾക്ക് ഇതിനകം രണ്ട് കുട്ടികളുണ്ടോ? എന്തിനാ ഇപ്പോൾ വന്നത്? ജുഡീഷ്യൽ വിധിയിലൂടെ കുട്ടിയെ കൊല്ലൻ ഉത്തരവ് പുറപ്പെടുവിക്കുമോ?”- കോടതി ചോദിച്ചു. മെഡിക്കൽ ബോർഡിലെ ഒരു വിദഗ്ധ ഡോക്ടർ ഗർഭഛിദ്രത്തിന് എതിരായിരുന്നുവെന്നും കുഞ്ഞിന് ജനിക്കാൻ ഒരു അവസരം നൽകണമെന്നും കേന്ദ്രം ബോധിപ്പിച്ചു. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ അവകാശത്തെ കൂടി കണക്കിലെടുക്കുമ്പോൾ സ്വന്തം താൽപര്യം മാത്രം പരിഗണിച്ച് യുവതിക്ക് അബോർഷൻ സാധ്യമല്ലെന്നായിരുന്നു അഡീഷനൽ സോളസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി വാദിച്ചത്. ആദ്യം അമ്മയുടെ ആശങ്കയാണ് പരിഗണിക്കേണ്ടതെന്ന് യുവതിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.