മണിപ്പൂർ കലാപം; അവകാശികളില്ലാത്ത 94 മൃതദേഹങ്ങൾ സംസ്കരിക്കാൻ പദ്ധതി തയ്യറാക്കി സർക്കാർ
മണിപ്പൂരിൽ വംശീയ കലാപത്തിന് ശമനം വന്നതിന് പിന്നാലെ അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പദ്ധതി തയ്യാറാക്കി സർക്കാർ. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും സർക്കാർ ആശുപത്രികളിലെ മോർച്ചറികളിൽ 94 മൃതദേഹങ്ങളാണ് അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത്.
ആറു മൃതദേഹങ്ങൾ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനും സമയബന്ധിതമായി സംസ്കരിക്കുന്നതിനുമായി ശനിയാഴ്ച മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി അഡ്വക്കേറ്റ് ജനറൽ ലെനിൻ സിംഗ് ഹിജാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതലും കുക്കി വിഭാഗത്തിൽ നിന്നുള്ള മൃതദേഹങ്ങൾക്കാണ് അവകാശികളില്ലാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇംഫാലിലെ രണ്ടു ആശുപത്രികളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
കാങ്‌പോപ്പി ജില്ലയിൽ നിന്നുള്ളവർ മൃതദേഹങ്ങൾഏറ്റുവാങ്ങാൻ തായ്യറായാതായി അറിയിച്ചിട്ടുണ്ട്. ഇംഫാലിൽ നിന്ന് മൃതദേഹങ്ങൾ മലയോര ജില്ലകളിലേക്ക് എത്തിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നതായി ട്രൈബൽ ലീഡേഴ്സ് ഫോറം അറിയിച്ചു. സംസ്ഥാന സർക്കാരിനെ ഇക്കാര്യത്തിനായി സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അവർ പറഞ്ഞു. കുക്കി വിഭാഗത്തിൽ നിന്നുള്ളവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി ഇംഫാലിൽ എത്തുന്നത് സുരക്ഷിതമാകില്ലെന്ന് അവർ പറയുന്നു..