മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ ഹർജിക്കാരൻ മരിച്ച സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. വാദം തുടരുന്നതിൽ എതിർപ്പില്ലെന്നാണ് സർക്കാർ നിലപാട്.
ആദായ നികുതി സെറ്റിൽമെന്റ് രേഖയിൽ പണം കൈപ്പറ്റിയ രാഷ്ടീയക്കാർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ ഭാര്യയെ കക്ഷിചേർത്ത് വാദം കേൾക്കണമെന്നാണ് ആവശ്യം.
അതിനിടെ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് കുഴൽനാടൻ നൽകിയത്.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പി വി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. ഇനി രണ്ടാം ഘട്ട പോരാട്ടമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ നിയമപോരാട്ടം തുടങ്ങിയെന്നും പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ലെന്നും ചോദിച്ച ചോദ്യങ്ങൾക്ക് പിണറായി അടക്കം മറുപടി നൽകിയില്ലെന്നും കുഴൽനാടൻ ആരോപിച്ചു.