National

വിജയ് സ്വബോധത്തോടെയാണോ അഭിനയിച്ചത്, ‘ലിയോ’ ട്രെയിലർ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് വനിതാ നേതാവ്

Spread the love

തമിഴ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ലിയോ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. മാസും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലര്‍ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍.

ഈ അവസരത്തില്‍ ട്രെയിലറിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ. ട്രെയിലറിന് എതിരെ രൂക്ഷവിമര്‍ശനം ആണ് രാജേശ്വരി ഉയര്‍ത്തുന്നത്.

സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം വിജയ് ലിയോ ട്രെയിലറില്‍ സംസാരിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു. ഒപ്പം അയോഗ്യനായ സംവിധായകന്‍ ആണ് ലോകേഷ് കനകരാജ് എന്നും ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നു.

‘വിജയ് സ്വബോധത്തോടെയാണോ ലിയോയില്‍ അഭിനയിച്ചത്? വിജയ് മോശം വാക്ക്(1.46മിനിറ്റ്) ഉപയോഗിച്ചത് അദ്ദേഹത്തിന്റെ നിലവാരം വളരെയധികം കുറച്ചിട്ടുണ്ട്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് വിജയിയ്ക്ക് ഉള്ളതാണോ. ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന വിജയ്‌ക്കെതിരെ ഞങ്ങളുടെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. അയോഗ്യനായ സംവിധായകന്‍ ആണ് ലോകേഷ് കനകരാജ്. ഇതിനെതിരെ സിനിമാലോകം രംഗത്തുവരണം’, എന്നാണ് രാജേശ്വരി ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രവും വാരിസിന് ശേഷം വിജയ് നായകനാകുന്ന സിനിമയും കൂടിയാണിത്. അര്‍ജുന്‍, തൃഷ, സഞ്ജയ് ദത്ത്, മാത്യു, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ലിയോയില്‍ അണിനിരക്കുന്നുണ്ട്.