Kerala

കഞ്ചാവ് വിൽപന പൊലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂരമർദ്ദനം

Spread the love

കഞ്ചാവ് വിൽപന പൊലീസിൽ അറിയിച്ചതിന് യുവാവിന് മർദ്ദനം. എറണാകുളം ആലുവയിൽ കഞ്ചാവ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയ യുവാവിനാണ് ക്രൂരമർദനമേറ്റത്. വടാട്ടുപാറ സ്വദേശി ആൽബർട്ടിനെയാണ് കഞ്ചാവ് സംഘം മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ജോലി തേടി യുവാവ് ആലുവയിലെത്തിയത്.

സംഭവത്തിൽ യുവാവ് ആലുവ പൊലീസിൽ പരാതി നൽകി. ഇന്ന് രാവിലെ ആലുവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഇന്നലെ വൈകുന്നേരം റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവ് വിൽപന നടക്കുന്നത് കണ്ട യുവാവ് പരിചയത്തിലുള്ള ഒരു പൊലീസുകാരനെ വിളിച്ച് അറിയിച്ചിരുന്നു. ഇതറിഞ്ഞ കഞ്ചാവ് സംഘം ഇവിടെ നിന്ന് ഓടിരക്ഷപെടുകയും ചെയ്തിരുന്നു.

തുടർന്ന്, ഇതിന്റെ വൈരാഗ്യത്തിൽ ഇന്ന് രാവിലെ സംഘം വീണ്ടുമെത്തി യുവാവിനെ മർദിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചായ കുടിക്കാനെത്തിയപ്പോഴായിരുന്നു യുവാവിനെ കഞ്ചാവ് വിൽപ്പനക്കാർ വളഞ്ഞിട്ട് മർദിച്ചത്.