Kerala

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴ തുടരാൻ സാധ്യത; തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ

Spread the love

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ഇന്നലെ അതിശക്തമായ മഴ ലഭിച്ച തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന ജയിൽ വകുപ്പിലെ അസിസ്റ്റൻറ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷ പിഎസ്‌സി മാറ്റി ച്ചു. മഴക്കെടുതി രൂക്ഷമായ തിരുവനന്തപുരത്ത് നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

ഞായറാഴ്ച്ച വരെ സംസ്ഥാനത്തെ മഴ പൊതുവെ ദുർബലമാകും എന്നാണ് വിലയിരുത്തൽ. ഇന്നൊരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.
കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിൻ്റെ സൂചനയായി അടുത്ത ആഴ്ച്ചയോടെ മലയോര മേഖലയിൽ ഉച്ചക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴക്ക്‌ ആരംഭിക്കാൻ സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല.