‘കരുവന്നൂരില്‍ അവസാനത്തെ കുറ്റവാളി ശിക്ഷിക്കപ്പെടുന്നതുവരെ തൃശൂരില്‍ സുരേഷ് ഗോപിക്കും ബി.ജെ.പിക്കും വിശ്രമമില്ല’: കെ.സുരേന്ദ്രൻ
കരുവന്നൂരില്‍ അവസാനത്തെ കുറ്റവാളിപോലും ശിക്ഷിക്കപ്പെടുന്നതുവരെ തൃശൂരില്‍ സുരേഷ് ഗോപിക്കും ബി.ജെ.പിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സാധാരണക്കാരന് ഉപകാരമാവേണ്ട സഹകരണ മേഖലയെ അധോലോകങ്ങളുടെ കൈകളിലെത്തിച്ചതില്‍ സി.പി.ഐ.എമ്മിനും എല്‍.ഡി.എഫിനുമോടൊപ്പം യു.ഡി.എഫിനും പങ്കുണ്ട്.
അതുകൊണ്ടാണ് പതിനായിരിക്കണക്കിന് നിക്ഷേപകര്‍ ആശങ്കയിലായിരിക്കുമ്പോള്‍ അവരുടെ വിഷമങ്ങള്‍ പങ്കിടാന്‍ യു.ഡി.എഫും കോണ്‍ഗ്രസും തയ്യാറാകാത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാതെ മരിച്ച ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ബാങ്ക് ഭരിക്കുന്ന സി.പി.ഐ എമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു.
രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ അംഗപരിമിതനായ നിക്ഷേപകന്‍ കരുവന്നൂര്‍ കൊളങ്ങാട്ട് ശശിയുടെ അടിയന്തിര ശസ്ത്രക്രിയക്ക് ആവശ്യമായ പണം നൽകാതിരുന്നത് മനുഷ്യത്വരഹിതമായ സമീപനമാണ്. ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ള പണം തിരികെ കിട്ടിയിരുന്നെങ്കില്‍ ചികിത്സ നടത്താമായിരുന്നുവെന്ന് കുടുംബം വേദനയോടെ പറയുന്നുണ്ട്.
കരുവന്നൂരിലെയും കേരളത്തിലെ മറ്റ് സഹകരണ ബാങ്കുകളിലെയും തട്ടിപ്പുകാരെ മുഴുവന്‍ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബി.ജെ.പി മുന്‍കൈ എടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.