National

ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണ പരിധിയിൽ പ്രതിപക്ഷ പാർട്ടി നേതാക്കളും?

Spread the love

ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണത്തിൽ ഡൽഹി പൊലീസിന്റെ അന്വേഷണ പരിധിയിൽ പ്രതിപക്ഷ രാഷ്ട്രിയ പാർട്ടി നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇടത് – കോൺഗ്രസ് നേതാക്കൾക്കെതിരായാണ് വിവര ശേഖരണമെന്നാണ് വിവരം. വിദേശ വ്യവസായ നെവില്‍ റോയ് സിംഘവുമായി രാഷ്ട്രിയ നേതാക്കൾ നടത്തിയ ഇ-മെയില്‍ ആശയവിനിമയം അടക്കം അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ന്യൂയോര്‍ക്ക് ടൈംസ് ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ വസ്തുതകൾ ഡൽഹി പൊലിസ് പരിശോധിച്ചു വരികയാണ്.ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായ നിലപാട് രൂപപ്പെടുത്താൻ രാഷ്ട്രിയ നേതാക്കളും സന്നദ്ധ പ്രപർത്തകരും പണം കൈപറ്റിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ നിഗമനം. കള്ളപ്പണ നിരോധന നിയമപ്രകാരം ന്യൂസ് ക്ലിക്കിന്റെ 4.52 കോടി രൂപയുടെ വസ്തുവകകള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നതായും ഡൽഹി പൊലീസ് പറയുന്നു.

അതേസമയം ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ മാധ്യമപ്രവർത്തകരുടെ ഇലക്ട്രോണിക് ഉപകരണം പിടിച്ചെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ആരോപണം. ഭൂരിഭാഗം പേർക്കും സീഷർ മെമ്മോ നൽകിയിട്ടില്ല. കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരോട് ഡൽഹി കലാപം,കർഷക സമരം ,കൊവിഡ് പ്രതിസന്ധി എന്നിവ റിപ്പോർട്ട് ചെയ്തതിന്റെ വിശദാംശങ്ങൾ തേടി. ന്യൂസ് ക്ലിക്കുമായി സഹകരിച്ച എഴുത്തുകാരുടെ ലേഖനങ്ങളുടെ വിശദാംശങ്ങളും പൊലീസ് ആരാഞ്ഞുവെന്നാണ് വിവരം.