National

ന്യൂസ് ക്ലിക്ക്: അറസ്റ്റിലായവരെ 7 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് പട്യാല കോടതി

Spread the love

ചൈനീസ് അജൻ‌ഡ പ്രചരിപ്പിക്കാൻ യു.എസ് വ്യവസായി നെവിൽ റോയ് സിംഗാമിൽ നിന്ന് 38 കോടി കൈപ്പറ്റിയെന്ന ആരോപണത്തിൽ അറസ്റ്റിലായവരെ 7 ദിവസ്സം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പട്യാല ഹൌസ് കോടതിയുടേതാണ് നടപടി. യു.എസ് വ്യവസായി നെവിൽ റോയ് സിംഗാമിൽ നിന്ന് 38 കോടി കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ന്യൂസ് ക്ളിക്ക് വാർത്താ പോർട്ടലിന്റെ ഡൽഹി ഓഫീസ് പൊലീസ് ഇന്നലെ പൂട്ടി മുദ്രവച്ചിരുന്നു.

പോർട്ടലിന്റെ ഓഫീസും മാദ്ധ്യമ പ്രവർത്തകരുടെ വസതികളും ഉൾപ്പെടെ 30 സ്ഥലങ്ങളിലാണ് ഡൽഹി പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്‌തയെ അറസ്റ്റ് ചെയ്തു. ന്യൂസ്‌ ക്ലിക്കിനും 10 മാദ്ധ്യമപ്രവർത്തകർക്കുമെതിരെ യു.എ. പി.എ പ്രകാരം ആഗസ്റ്റ് 17ന് രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇന്നലെ റെയ്‌ഡ് നടത്തിയത്.

മുതിർന്ന പത്രപ്രവർത്തകരായ പരഞ്ജോയ് ഗുഹ താകുർത്ത, ഊർമിളേഷ്, ഔനിന്ദ്യോ ചക്രവർത്തി, സത്യം തിവാരി, ഭാഷാ സിംഗ്, വീഡിയോ ജേണലിസ്റ്റ് അഭിസാർ ശർമ്മ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻ സഞ്ജയ് രജൗറ, ശാസ്ത്രജ്ഞൻ ഡി. രഘുനന്ദൻ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ മുബയിലെ വസതിയിലും റെയ്ഡ് നടന്നു. കാർട്ടൂണിസ്റ്റ് ഇർഫാൻ, മാദ്ധ്യമ പ്രവർത്തകരായ സുബോധ് വർമ, അനുരാധ രാമൻ, അദിതി നിഗം, സുമേധ പാൽ,​ ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, എഴുത്തുകാരി ഗീത ഹരിഹരൻ എന്നിവരുടെ വസതികളും പരിശോധിച്ചു. മൊബൈൽ ഫോണും ലാപ്ടോപും പിടിച്ചെടുത്തു.

ന്യൂസ് ക്ലിക്ക് ഗ്രാഫിക് ആർട്ടിസ്റ്റ് സുൻമിത്‌കുമാറിനെ തേടി കാനിംഗ് റോഡിൽ സി.പി.എം പോഷക സംഘടനാ ഓഫീസുകൾ പ്രവർത്തിക്കുന്ന വസതിയിലും പൊലീസെത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരിൽ പാർട്ടിക്കനുവദിച്ചതാണ് വസതി. യെച്ചൂരി ഇവിടെ താമസിക്കുന്നില്ല. യെച്ചൂരിയുടെ സ്റ്റാഫ് അംഗത്തിന്റെ മകനാണ് സുൻമിത്. ഇയാളുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു.

കാർഷിക ബിൽ, കർഷക പ്രതിഷേധം, ഷഹീൻ ബാഗിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയവയിൽ ചൈനീസ് നിർദേശപ്രകാരം ദേശവിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.