ഗണേശ നിമജ്ജനത്തിനിടെ തിരയിൽപ്പെട്ടു; 36 മണിക്കൂർ കടലിൽ, പിടിവള്ളിയായത് നിമജ്ജനം ചെയ്ത ഗണേശവിഗ്രഹം; കാണാതായ 14 കാരൻ ജീവിതത്തിലേക്ക്
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ കടലിൽ മുങ്ങിയ ബാലനെ 36 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി. മുത്തശിയോടൊപ്പം അംബാജി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു ലഖൻ സഹോദരൻ കരൻ , സഹോദരി അഞ്ജലി. ക്ഷേത്രദർശനം കഴിഞ്ഞപ്പോൾ മുത്തശി അവരെ ഡുമാസ് ബീച്ചിലേയ്‌ക്ക് കൊണ്ടുപോയി. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
കടലിൽ കളിക്കുന്നതിനിടെ ലഖനും , സഹോദരനും തിരയിൽപ്പെടുകയായിരുന്നു. കരനെ സമീപത്തുണ്ടായിരുന്നവർ രക്ഷിച്ചെങ്കിലും ലഖനെ കണ്ടെത്താനായില്ല. ലഖൻ തിരമാലയിൽ അകപ്പെട്ടതിനെ തുടർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. എന്നാൽ കടൽക്ഷോഭം കാരണം അന്വേഷണം കാര്യമായി നടത്താനായില്ല.
എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം ലഖന്റെ പിതാവ് വികാസിന് ഒരു ഫോൺ സന്ദേശമെത്തി . മകൻ ജീവിച്ചിരിപ്പുണ്ടെന്നും പൂർണ്ണമായും ആരോഗ്യവാനാണെന്നുമായിരുന്നു സന്ദേശം . കടലിലേക്ക് ഒഴുകിയ ലഖന് പിടിവള്ളിയായി കിട്ടിയത് ഗണേശ ചതുർത്ഥിയ്‌ക്ക് നിമജ്ജനം ചെയ്ത ഗണേശ വിഗ്രഹമായിരുന്നു .
അതിൽ പിടിച്ച് കിടന്ന ലഖൻ ഡുമാസിൽ നിന്ന് ഗുജറാത്തിലെ നവസാരി ജില്ലയിലേക്കാണ് ഒഴുകിയതെന്ന് പൊലീസ് പറയുന്നു. നവസാരിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ലഖനെ കണ്ടെത്തിയത് . അവശനിലയിൽ കണ്ടെത്തിയ ലഖനെ ബോട്ടിൽ കയറ്റി ഭക്ഷണവും വെള്ളവും നൽകി. വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.