ഏഷ്യൻ ഗെയിംസ്; നേപ്പാളിനെ 23 റൺസിന് തോൽപിച്ച് ഇന്ത്യ സെമിയിൽ
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിയിൽ. 03 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ നേപ്പാളിന്റെ ഇന്നിങ്സ് 179 റൺസിൽ അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറിക്കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 48 പന്തിൽ താരം സെഞ്ചുറി പൂർത്തിയാക്കി. 8 ഫോറും 7 സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 21ാം വയസിലാണ് യശസ്വിയുടെ സെഞ്ചുറി നേട്ടം.
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമാണ് യശസ്വി. നേപ്പാളിനായി കുശാൽ ഭുർതെൽ (32 പന്തിൽ 28), കുശാൽ മല്ല (22 പന്തിൽ 29), സുന്ദീപ് ജോറ (12 പന്തിൽ 29) എന്നിവർ പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. കൃത്യമായ ഇടവേളകളിൽ നേപ്പാളിന്റെ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. ഇന്ത്യയ്ക്കായി രവി ബിഷ്ണോയ്, ആവേശ് ഖാൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. അർഷദീപ് സിങ് രണ്ടും, രവിശ്രീനിവാസൻ സായ് കിഷോർ ഒരുവിക്കറ്റും വീഴ്ത്തി.
ആദ്യ വിക്കറ്റിൽ നായകൻ ഋതുരാജ് ഗെയ്ക്‌വാദ്–ജയ്സ്വാൾ സഖ്യം 103 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിൽ വമ്പൻ അടികളുമായി റിങ്കുസിങ് കളം നിറഞ്ഞതോടെ സ്കോർ 200 കടന്നു.19 പന്തിൽ 25 റൺസുമായി ശിവം ദുബെയും, 15 പന്തിൽ 37 റൺസുമായി റിങ്കുസിങും പുറത്താകാതെ നിന്നു.