National

‘ഇവിടെ വാ ചേച്ചി… ജനങ്ങള്‍ കാണട്ടെ…’; മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി തമിഴ്നാട് ബിജെപി അധ്യക്ഷന്‍; പിന്നാലെ വിമര്‍ശനം

Spread the love

ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയ്‌ക്കെതിരെ വിമര്‍ശനം. താന്‍ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ആയില്ലെങ്കില്‍ ബിജെപിയില്‍ തന്നെ തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യമാണ് ബിജെപി അധ്യക്ഷനെ ചൊടിപ്പിച്ചത്. പിന്നാലെ ആരാണ് ആ ചോദ്യം ചോദിച്ചതെന്നും ഇങ്ങോട്ട് വാ ചേച്ചി എല്ലാവരും ഒന്ന് കാണട്ടെ എന്നുമായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.

‘എന്റെ അടുത്ത് വന്ന് നില്‍ക്കൂ. ആരാണ് എന്നോട് ഇത്തരമൊരു ചോദ്യം ചോദിച്ചതെന്ന് ആളുകള്‍ ടിവിയിലൂടെ കാണട്ടെ. ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരു വഴിയുണ്ട്. ഇത്രയും ഉജ്ജ്വലമായ ചോദ്യം ചോദിച്ചയാളെ എട്ട് കോടി ആളുകള്‍ക്ക് അറിയണം,’ ബിജെപി നേതാവ് പറഞ്ഞു.

റിപ്പോര്‍ട്ടറോട് ക്യാമറയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കാന്‍ ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടതോടെ സഹമാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പുമായി മുന്നോട്ടെത്തി. അണ്ണാമലൈയുടെ നടപടിയെ കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബും ശക്തമായി അപലപിച്ചു. ജേര്‍ണലിസത്തിന്റെ ധാര്‍മികത പഠിപ്പിക്കുന്നതിന് മുന്‍പ് ഒരു നേതാവാകാനുള്ള നൈനികത പഠിച്ച് മാന്യമായി പെരുമാറണം. ജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഇടയിലുള്ള പാലമായാണ് പത്രപ്രവര്‍ത്തനം നിലകൊള്ളുന്നതെന്നും കോയമ്പത്തൂര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ പ്രതികരിച്ചു.