‘സുരേഷ് ഗോപിക്ക് വഴിയൊരുക്കാനാണ് നീക്കം’; എം.വി ഗോവിന്ദൻ്റെ പ്രസ്താവനയെ പരിഹസിച്ച് വി.മുരളീധരൻ
തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി ഇഡി കളമൊരുക്കുന്നുവെന്ന എം.വി ഗോവിന്ദൻ്റെ പ്രസ്താവനയെ പരിഹസിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരൻ.എം.വി.ഗോവിന്ദനെ പോലുള്ളവർക്ക് മാത്രമേ ഇങ്ങനെ പറയാൻ കഴിയൂ. കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കുന്നതും ബിജെപിയുടെ തെരഞ്ഞെടുപ്പ് പോരാട്ടവും തമ്മിലെ ബന്ധം കണ്ടെത്താൻ സാമാന്യ ബുദ്ധിയുള്ളവർക്ക് പറ്റില്ല. ഇന്ന് പറയുന്നത് നാളെ ഓർമ്മിക്കാത്തയാളാണ് എം വി ഗോവിന്ദനെന്നും ഇത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്കിലെ 150 കോടി എവിടെ പോയെന്നാണ് ജനങ്ങൾ തിരക്കുന്നത്.
എ സി മൊയ്തീൻ ഇഡിയെ പേടിച്ച് മുങ്ങി നടക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. വെറും കൗൺസിലറായ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം എവിടെ നിന്ന് വന്നു എന്നൊക്കെയാണ് ജനങ്ങൾ തിരക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്നത് പറയാതെ അതിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാണ് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും
ഇത്തരം പ്രസ്താവനകൾ എം.വി.ഗോവിന്ദൻ വഹിക്കുന്ന പദവിക്ക് ചേർന്നതല്ലെന്നും വി.മുരളീധരൻ പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല, സുരേഷ് ഗോപിക്ക് വഴിയൊരുക്കാനാണ് നീക്കമെന്നും ഇ ഡി കള്ളക്കേസ് എടുക്കുകയാണെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന . ബിനീഷിനെതിരെ ഇ ഡി കേസ് എടുത്തപ്പോൾ ഞങ്ങളിത് താങ്ങും എന്ന് കോടിയേരി പറഞ്ഞു. പി ആർ അരവിന്ദാക്ഷന് പിന്നാലെ കൂടുതൽ നേതാക്കൾക്കെതിരെ കള്ളക്കെസ് എടുക്കാനാണ് ശ്രമമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.