‘നാളെ കോടിയേരിക്കെതിരെ ഇഡി കേസെടുത്താലും അത്ഭുതപ്പെടാനില്ല’; എം.വി ഗോവിന്ദൻ
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാർട്ടിക്കുമെതിരെ വലിയ രീതിയിലുള്ള കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഈ അക്രമങ്ങളെ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്നത് തീരാ ദുഃഖമാണ് പാർട്ടി ഇന്ന് അഭിമുഖീകരിക്കുന്നത്. സങ്കീർണമായ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാനും വ്യക്തമായ ദിശാബോധത്തോടെ മുന്നോട്ടുപോകാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. പാർട്ടിക്കെതിരായ മാധ്യമ വേട്ട അനുദിനം വർധിച്ചുവരികയാണ്. മാധ്യമ വേട്ടയ്‌ക്ക് ഒപ്പം നിൽക്കുകയാണ് ഇഡി. പ്രതിപക്ഷ വേട്ടയ്ക്ക് പിന്നിൽ ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അറുപിന്തിരിപ്പൻ ആശയത്തിന് വേണ്ടിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള വാർത്ത അടിസ്ഥാനരഹിതമാണ്. സംഭവത്തിലെ മാധ്യമ ഗൂഢാലോചന പുറത്തുകൊണ്ടുവരും. അരവിന്ദാക്ഷൻ്റെ അമ്മയുടെ അക്കൗണ്ടിൽ കോടികൾ ഉണ്ടെന്ന് ഇഡി കള്ളം പറഞ്ഞു. ഇഡിക്ക് ശാരീരിക ആക്രമണത്തിന് അവകാശമില്ല. കേരള സഹകരണ പ്രസ്ഥാനത്തെ തകർക്കുകയാണ് ലക്ഷ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. സുരേഷ് ഗോപിക്ക് വഴിയൊരുക്കാനാണ് നീക്കം. ഇഡി കള്ളക്കേസ് എടുക്കുകയാണ്. ബിനീഷിനെതിരെ ഇഡി കേസ് എടുത്തപ്പോൾ ഞങ്ങളിത് താങ്ങും എന്ന് കോടിയേരി പറഞ്ഞു. നാളെ കോടിയേരിക്കെതിരെ ഇഡി കേസെടുത്താലും അത്ഭുതപ്പെടാനില്ലെന്നും എം.വി ഗോവിന്ദൻ പരിഹസിച്ചു.