‘സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം’; എം.ടി രമേശ്
സഹകരണമേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് സിപിഐഎമ്മിനും സർക്കാരിനും ഒഴിഞ്ഞുമാറാൻ ആവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. കേന്ദ്ര ഏജൻസികളെ പഴി പറയാനാണ് സിപിഎം ശ്രമിക്കുന്നത്. കേരള ബാങ്കിൽ നിന്ന് പണം സ്വരൂപിക്കാനുള്ള നീക്കം നിയമവിരുദ്ധം. ആർബിഐ നിയമമനുസരിച്ച് നടക്കാത്ത കാര്യത്തിനാണ് സർക്കാർ പരിശ്രമം നടത്തുന്നതെന്നും വിമർശനം.
ക്ഷേമ പെൻഷൻ പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ. സഹകരണ സ്ഥാപനങ്ങളെ ബലി കൊടുക്കാനുള്ള നീക്കമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സഹകരണമേഖലയുടെ മൊത്തം വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം നടക്കുന്നതാണ് പ്രശ്നം. കേന്ദ്രസർക്കാർ പാസാക്കിയ നിയമങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് സർക്കാർ ഉള്ളതെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി.
കേരളത്തിലെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ല. 20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ കർശന നിബന്ധനകൾക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്നാൽ ഈ നിയമം പാലിക്കപ്പെടുന്നില്ല. എന്തുകൊണ്ടാണ് സഹകരണ ബാങ്കുകളിൽ പാൻകാർഡ് നിർബന്ധമാക്കാത്തതെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കണം. സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഫോറൻസിക് ഓഡിറ്റിങ് നടത്തണം. സർക്കാർ വളഞ്ഞ വഴിയിലൂടെ കൊള്ളക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഏകീകൃത സോഫ്റ്റ്‌വെയർ വേണ്ട എന്ന് സംസ്ഥാന സർക്കാർ പറയുന്നത്? നിങ്ങളുടെ കൈകൾ സംശുദ്ധമാണെങ്കിൽ എന്തിനാണ് പേടിക്കുന്നതെന്നും എം.ടി രമേശ് ചോദിച്ചു.