Sports

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണ തിളക്കം; സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെയ്ക്ക് സ്വർണം

Spread the love

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വർണം നേടി. എട്ട് മിനിറ്റ് 19.50 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം സ്വർണമണിഞ്ഞത്. ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിങ്ങും സ്വർണം നേടി. അവസാന ശ്രമത്തിൽ 20.36 മീറ്റർ ദൂരമാണ് തജീന്ദർപാൽ സിങ് കൈവരിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 13-ാം സ്വർണമാണിത്.

13 സ്വർണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം ഇതോടെ 45 ആയി. വനിതകളുടെ 50 കിലോ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ നിഖാത് സരീൻ വെങ്കലം സ്വന്തമാക്കി. ട്രാപ് ഷൂട്ടിങ് ഇനത്തിൽ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. നിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. നിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ വനിതാ ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിൻറെ ആദ്യ മെഡലാണിത്.

പുരുഷൻമാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയ കിയാനൻ ഡാറിയസ് ചെനായ് വെങ്കലം നേടി. എട്ടാം ദിനം ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാം മെഡലായിരുന്നു ഇത്. ഷൂട്ടിങ്ങിൽനിന്നു മാത്രം ഇന്ത്യ ആകെ നേടിയത് 22 മെഡലുകൾ. 7 സ്വർണം, 9 വെള്ളി, ആറ് വെങ്കലം.