Kerala

‘ഷാരൂഖ് സൈഫിക്ക് തീവ്രവാദ ലക്ഷ്യങ്ങൾ’, ട്രെയിൻ തീവയ്പ്പ് കേസിൽ ഒരു പ്രതി മാത്രം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ

Spread the love

കൊച്ചി: എലത്തൂരിലെ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖ് സൈഫി ഏക പ്രതി. ഇയാൾക്ക് തീവ്രവാദ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് എൻഐഎ. കൊച്ചിയിലെ കോടതിയിൽ അന്തിമ കുറ്റപത്രം എൻഐഎ സമർപ്പിച്ചു. ജിഹാദി പ്രവർത്തനം വഴി സമൂഹത്തിൽ ഭീകരത സൃഷ്ടിക്കാനും ഭയം ഉണ്ടാക്കാനുമായിരുന്നു ഇയാളുടെ ശ്രമമെന്നും ആരും തിരിച്ചറിയാതിരിക്കാനാണ് ഇയാൾ കേരളത്തിലേക്ക് വന്നതെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കൃത്യത്തിന് ശേഷം ആരും അറിയാതെ മടങ്ങി പോയി സാധാരണ ജീവിതം തുടരാനായിരുന്നു ഇയാൾ പദ്ധതിയിട്ടത്. സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മുഖേനയുമാണ് ഇയാൾ തീവ്രവാദ ആശയത്തിൽ വീണതെന്നും പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്ര സ്വഭാവമുള്ള ചിലരുടെ പ്രസംഗങ്ങളിൽ ഇയാൾ ആകൃഷ്ടനായെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 02ന് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ഡി വൺ ബോഗിയ്ക്ക് തീയിട്ട് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം നൽകിയത്. ഷൊർണൂരിൽ നിന്നും കന്നാസിൽ പെട്രോളും ലൈറ്ററും വാങ്ങിയ ഇയാൾ ട്രെയിനിനുളളിൽ കടന്ന് പെട്രോൾ വിതറിയൊഴിച്ചശേഷം തീകൊളുത്തി തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി രക്ഷപെട്ടതാണ് സംഭവം. കേരളത്തിൽ വന്നിട്ടാല്ലത്തിനാലും ആരെയും പരിചയമില്ലാത്തതിനാലും പിടിക്കപ്പെടില്ലെന്നായിരുന്നു ഇയാൾ കരുതിയത്. ദില്ലിയിലെത്തി ഒന്നും സംഭവിക്കാത്തതുപോലെ ജീവിതം തുടരാനായിരുന്നു പരിപാടി. സമൂഹത്തിൽ അരക്ഷിതാവസ്ഥയും ഭീകരാന്തരീക്ഷവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷാരൂഖ് സെയ്ഫി കൃത്യം നടത്തിയതെന്നും തീവ്രവാദ പ്രവർത്തനം തന്നെയാണ് ഇതെന്നും കുറ്റപത്രത്തിലുണ്ട്.

നേരത്തെ പ്രതി ഷാറൂഖ് സെയ്ഫി ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതിൽ ദൂരൂഹതയുണ്ടെന്ന് എൻഐഎ ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ പരാമർശിച്ചിരുന്നു. തീവയ്പിന് ആസൂത്രിത സ്വഭാവമുണ്ട്. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് തള്ളാനാകില്ലെന്നുമാണ് എൻഐഎ റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടുന്നത്. അന്വേഷണം കേരള പൊലീസിൽ മാത്രമായി ഒതുക്കിയാൽ മറ്റു കണ്ണികളിലേക്ക് എത്തില്ലെന്നും സൂചിപ്പിച്ചാണ് എൻഐഎ അന്ന് റിപ്പോർട്ട് നൽകിയത്. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കരുതേണ്ടി വരുമെന്നും ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു.