Sports

വീണ്ടും മഴ! ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സന്നാഹം ഉപേക്ഷിച്ചു; കാര്യവട്ടത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം

Spread the love

ഗുവാഹത്തി: ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് സന്നാഹമത്സരം കടുത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഗുവാഹത്തിയില്‍ നടക്കേണ്ട മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചില്ല. അതേസമയം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട ഓസ്‌ട്രേലിയ – നെതര്‍ലന്‍ഡ്‌സ് മത്സരത്തിന് 6.45ന് ടോസിടും. ഏഴ് മണിക്ക് മത്സരം ആരംഭിക്കും. കാര്യവട്ടത്തെ ഇന്നലെ നടക്കേണ്ടിയിരുന്നു അഫ്ഗാനിസ്ഥാന്‍ – ദക്ഷിണാഫ്രിക്ക മത്സരവും മഴയെടുത്തിരുന്നു. ഇനി രണ്ട് മത്സരം കൂടി കാര്യവട്ടത്ത് അവശേഷിക്കുന്നുണ്ട്. തിങ്കളാഴ്ച്ച ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കയെ നേരിടും. ചൊവ്വാഴ്ച്ച ഇന്ത്യ – ന്യൂസിലന്‍ഡ് മത്സരവുമുണ്ട്.

ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു. പിന്നാലെ അതിശക്തമായ മഴയെത്തുകയായിരുന്നു. തുടര്‍ന്ന് ഒരോവര്‍ പോലും എറിയാന്‍ സാധിച്ചില്ല. കന്നത്ത ചൂടില്‍ ബൗളര്‍മാര്‍ എറിഞ്ഞു തളരാതിരിക്കാനാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയെ നേരിടുന്നതിന് മുമ്പ് ഇന്ത്യ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തും. നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളി.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്.

ഏഷ്യാ കപ്പിന് പുറമെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയും നേടിയ ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തിലാണ്. ടീമിലെ പ്രധാന താരങ്ങള്‍ക്കാര്‍ക്കും പരിക്കില്ലെന്നുള്ളതാണ് ഇന്ത്യയെ ആശ്വസിപ്പിക്കുന്ന പ്രധാന കാര്യം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഫോം വീണ്ടെടുക്കുകയും ചെയ്തു.’