Kerala

കരുവന്നൂ‍ര്‍ നിക്ഷേപകർക്ക് നൽകാൻ 50 കോടിയെങ്കിലും ഉടനെത്തിക്കും, പണം സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്നെടുക്കും

Spread the love

കരുവന്നൂ‍ര്‍ നിക്ഷേപകർക്ക് നൽകാൻ 50 കോടിയെങ്കിലും ഉടനെത്തിക്കും, പണം സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്നെടുക്കും
തൃശൂ‍ര്‍ : കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം ലഭ്യമാക്കും. അടുത്ത ആഴ്ചയോടെ പാക്കേജിന് അനുമതി നൽകുമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഇടപെടാൻ കേരള ബാങ്കിനെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ എകെജി സെന്റർ കേന്ദ്രീകരിച്ചും ചര്‍ച്ചകൾ നടന്നു.

സഹകരണ മേഖലക്കുള്ള വിശ്വാസ്യത പോലും ചോദ്യം ചെയ്യും വിധം കരുവന്നൂർ പ്രതിസന്ധി ആകെ പിടിച്ചുലച്ചെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. പുറമേക്ക് സമ്മതിക്കില്ലെങ്കിലും അണിയറയിൽ നടക്കുന്നത് തിരക്കിട്ട പ്രശ്ന പരിഹാര നീക്കങ്ങളാണ്. നിക്ഷേപകർക്ക് നൽകാൻ 50 കോടിയെങ്കിലും അടിയന്തരമായി എത്തിക്കും. കേരള ബാങ്കിന്റെ റിസർവ് ഫണ്ടിൽ നിന്ന് പണം സർക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് എടുക്കും. പിന്നീട് പ്രത്യേക പാക്കേജ് ഉണ്ടാക്കി കരുവന്നൂരിലെ നിക്ഷേപകർക്ക് നൽകും. കേരള ബാങ്കിൽ നിന്ന് വായ്പ ലഭ്യമാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബാങ്ക് പ്രതിനിധി യോഗം എകെജി സെന്ററിൽ ചേര്‍ന്നു. നിശ്ചിത പലിശക്ക് വായ്പ ലഭ്യമാക്കാനുള്ള ധാരണ മൂന്നിന് ചേരുന്ന കേരളാ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലും 11 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും 12 ന് ചേരുന്ന ജനറൽ ബോഡി യോഗത്തിലും അവതരിപ്പിക്കും