Kerala

‘ചെറിയ കേസുകൾക്ക് കുറ്റപത്രം വേണോ’ ചോദ്യവുമായി ഹൈക്കോടതി

Spread the love

കൊച്ചി: ചെറിയ കേസുകൾക്ക് കുറ്റപത്രം വേണോയെന്ന ചോദ്യവുമായി ഹൈക്കോടതി. ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ എന്ന് സാമാന്യ ബോധം ഉപയോഗിച്ച് പൊലീസ് പരിശോധിക്കണമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ശാസനയിൽ ഒതുക്കേണ്ട കേസുകൾക്ക് പോലും കുറ്റപത്രം സമർപ്പിക്കുന്നത് കോടതികൾക്ക് ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. കോടതിയുടെ വിലപ്പെട്ട സമയമാണ് ഇത്തരം കേസുകൾ കാരണം നഷ്ടപ്പെടുന്നതെന്നും ജസ്റ്റിസ് പിവി.കുഞ്ഞികൃഷ്ണൻ ചുണ്ടിക്കാട്ടി. ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിച്ചതിന് 63 രൂപ നഷ്ടമുണ്ടായി എന്ന കേസിലെ കുറ്റപത്രം റദ്ദാക്കിയാണ് കോടതിയുടെ പരാമർശം.

അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹർജിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി. ആധാരം ഉൾപ്പെടെയുള്ള രേഖകൾ ഇഡിയുടെ കൈവശമാണെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു. തുടർന്നാണ് രേഖകൾ തിരിച്ചു നൽകാൻ എന്താണ് തടസ്സം എന്ന് ജസ്റ്റിസ് സതീഷ് നൈനാൻ ഇഡിയോട് ചോദിച്ചത്.

50 സെന്റ് വസ്തുവിന്മേലെടുത്ത രണ്ട് ലോണുകളും 2022 ഡിസംബറിൽ തിരിച്ചടച്ചെന്ന് ഹർജിക്കാരനായ തൃശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു. . ബാങ്കിന്റെ ബാധ്യതയ്ക്ക് തന്‍റെ ആധാരം പിടിച്ചു വെക്കാൻ കഴിയില്ലെന്നും, ബാങ്കുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക പ്രശ്നങ്ങളിൽ തനിക്ക് ബന്ധമില്ലെന്നും ഹർജിയിലുണ്ട്. ഹർജി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.