അർബുദ രോഗിക്ക് ആരോഗ്യ സാക്ഷ്യപത്രത്തിന് ശ്രമം; ഡോക്ടറുടെ പരാതി, ഒറ്റപ്പാലത്തെ ബിജെപി കൗൺസിലർക്കെതിരെ കേസ്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് അർബുദ ബാധിതയായ വയോധികയ്ക്ക് ആരോഗ്യ സാക്ഷ്യപത്രത്തിന് ശ്രമിച്ച കൗൺസിലർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാധയുടെ പരാതിയിലാണ് ബി ജെ പി കൗൺസിലർ പ്രസീതക്കെതിരെ കേസെടുത്തത്. കൗൺസിലർ ഒളിവിലെന്ന് സൂചന. അർബുദ രോഗിയായ പാലപ്പുറം സ്വദേശി ആരോഗ്യ സാക്ഷ്യപത്രത്തിനായി ഒറ്റപ്പാലം ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോൾ സാങ്കേതികത്വം ചൂണ്ടിക്കാണിച്ച് സാക്ഷ്യപത്രം നൽകിയില്ലെന്ന് പരാതി ഉയർന്നിരുന്നു.
തുടർന്ന് 21 ന് ആ വാർഡിലെ കൗൺസിലറായ പ്രസീത സാക്ഷ്യപത്രത്തിനായി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടറെ സമീപിച്ചു. രോഗി നേരിട്ടു വന്നില്ലെന്ന കാരണത്താൻ ഡോക്ടർ സാക്ഷ്യപത്രം നൽകിയില്ലെന്ന് ആരോപിച്ച് കൗൺസിലർ ഒറ്റപ്പാലം സബ് കളക്ടർക്ക് പരാതി നൽകി. വിഷയത്തിൽ സബ് കളക്ടറുടെ അന്വേഷണം നടക്കുന്നതിനിടെയാണ് ഡോക്ടർ, കൗൺസിലർക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പരാതിയെന്ന് ഒറ്റപ്പാലം പോലീസ് പറഞ്ഞു.
രോഗിയെ കൊണ്ടുവരാതെ സാക്ഷ്യപത്രം നൽകാൻ കൗൺസിലർ നിർബന്ധിച്ചെന്ന് ഡോക്ടർ പരാതിയിൽ പറയുന്നു. ലേബർ റൂമിൽ കയറി കൗൺസിലർ ബഹളം വെച്ചെന്നും എഫ്ഐആറിലുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ജോലി സംരക്ഷണം നൽകുന്ന (കേരളാ ഹെൽത്ത് കെയർ സർവീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് ) നിയമമുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.