Kerala

നിയമന കോഴ വിവാദം; ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍; ആള്‍മാറാട്ടം സംശയിച്ച് പൊലീസ്

Spread the love

ആരോഗ്യവകുപ്പിലെ നിയമന കോഴ വിവാദത്തില്‍ പരാതിക്കാരന്‍ പണം നല്‍കിയെന്ന് ആരോപിക്കുന്ന അഖില്‍ മാത്യു ആ സമയം തിരുവനന്തപുരത്തില്ലെന്ന് പൊലീസ്. ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ എന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍. ഏപ്രില്‍ 10,11 തീയതികളില്‍ ഹരിദാസ് തിരുവനന്തപുരത്ത് എത്തിയിരുന്നതായും ടവര്‍ ലൊക്കേഷനില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

കേസില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. അഖില്‍ മാത്യുവിന്റെ പേരില്‍ മാറ്റാരെങ്കിലും പണം വാങ്ങിയോ എന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.

പത്താം തിയ്യതി അഖില്‍ മാത്യുവിന് പണം നല്‍കി അന്ന് തന്നെ മലപ്പുറത്തേക്ക് തിരിച്ചുവെന്നാണ് ഹരിദാസ് പറഞ്ഞിരുന്നത്. അതേസമയം, ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയില്‍ ഹരിദാസിന്റെ മൊഴി എടുക്കല്‍ പൂര്‍ത്തിയായി. അഖില്‍ മാത്യുവിന് പണം നല്‍കി എന്ന ആരോപണത്തില്‍ ഹരിദാസ് ഉറച്ചു നിന്നു.