ഇരുട്ടടി ഉടനില്ല! സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷൻ
തിരുവനനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കിൽ പുതിയ താരിഫ് നിലവിൽ വരുന്നത് വരെ തുടരാനാണ് തീരുമാനം. നിരക്ക് കൂട്ടണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യമുണ്ടായിരുന്നു. യൂണിറ്റിന് 41 പൈസ വെച്ച് കൂട്ടണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യത്തിനുള്ള നടപടി ക്രമങ്ങൾ റെഗുലേറ്ററി കമ്മീഷൻ ആരംഭിച്ചിരുന്നു.
അത്തരത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് ഒരു മാസം കൂടി സാവകാശം കിട്ടാനുള്ള പ്രധാനപ്പെട്ട കാരണം. അതേ സമയം 19 പൈസ സർചാർജ് എന്നുള്ളത് ഈ ഒക്ടോബർ മാസവും തുടരും. അതിൽ മാറ്റമില്ല. ഈ ഉത്തരവ് നേരത്തെ ഇറക്കിയതാണ്. വലിയൊരു ഇരുട്ടടി തത്ക്കാലത്തേക്ക് എങ്കിലും ഒഴിവായി എന്നത് മാത്രമാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ആശ്വാസം.