“ഞാൻ മുതിർന്ന നേതാവല്ലേ, കൈ കൂപ്പി നിന്ന് വോട്ട് ചോദിക്കുമോ?”; ബിജെപി ദേശീയ ജനറൽ സെക്രട്ടറി
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ പൊട്ടിത്തെറികൾ ഇക്കാലത്ത് ഒരു സാധാരണ സംഭവമാണ്. സീറ്റ് നൽകാത്തതിന്റെ പേരിൽ പാർട്ടി വിടുന്ന നേതാക്കളെയും പുതിയ പാർട്ടി തന്നെ രൂപീകരിക്കുന്ന നേതാക്കളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടതിൽ പാർട്ടിയോട് അതൃപ്തി പ്രകടിപ്പിച്ച ഒരു നേതാവിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയതിൻ്റെ പേരിൽ പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കൈലാഷ് വിജയവർഗിയ. ഗുജറാത്തിലെ ഭോപ്പാലിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കൈലാഷ് വിജയവർഗിയ തന്റെ അതൃപ്തി തുറന്ന് പറഞ്ഞത്. സ്ഥാനാർത്ഥി പട്ടിക കണ്ടപ്പോൾ ആശ്ചര്യപ്പെട്ടുവെന്നും ഇത്തവണ മത്സരിക്കാൻ തനിക്ക് ഒരു ശതമാനം പോലും ആഗ്രഹമില്ലെന്നും മുതിർന്ന നേതാവ് പറഞ്ഞു.
“തീരുമാനത്തോട് പൂർണ്ണമായും വിയോജിക്കുന്നു. സത്യസന്ധമായി പറയുകയാണ്, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു ശതമാനം പോലും ആഗ്രഹമില്ല. ഞാനിപ്പോൾ ഒരു മുതിർന്ന നേതാവാണ്, ഇനി ആളുകളുടെ മുന്നിൽ കൈ കൂപ്പി വോട്ട് ചോദിക്കുമോ? സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രസംഗം നടത്തിയിട്ട് പോകാം എന്നാണ് ഞാൻ കരുതിയിരുന്നത്. ഇതായിരുന്നു എന്റെ പ്ലാൻ” – 67 കാരനായ നേതാവ് പറഞ്ഞു.
“തെരഞ്ഞെടുപ്പിനായി എട്ടോളം പൊതുയോഗങ്ങളിൽ പങ്കെടുക്കാനായിരുന്നു തീരുമാനം. അതിൽ അഞ്ചെണ്ണം ഹെലികോപ്റ്ററിലും മൂന്നെണ്ണം കാറിലും എത്താനായിരുന്നു പദ്ധതി. പക്ഷേ നമ്മൾ വിചാരിക്കുന്നത് പോലെ എപ്പോഴും സംഭവിക്കണമെന്നില്ല. ദൈവഹിതപ്രകാരമാണ് എല്ലാം നടക്കുന്നത്. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വീണ്ടും ജനങ്ങളിലേക്ക് മടങ്ങണമെന്നും ദൈവം ആഗ്രഹിക്കുന്നു. ഞാൻ ഒരു സ്ഥാനാർത്ഥിയാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല”- അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ഇൻഡോർ-1 നിയമസഭാ സീറ്റിൽ നിന്ന് വിജയവർഗിയയെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. അദ്ദേഹം നേരത്തെ ഇൻഡോർ മേയറായും മധ്യപ്രദേശ് സർക്കാരിൽ കാബിനറ്റ് മന്ത്രിയായും ബിജെപിയിൽ ഉന്നത പദവികളും വഹിച്ചിട്ടുണ്ട്. മകൻ ആകാശ് ഇൻഡോർ-3 സീറ്റിൽ സിറ്റിംഗ് എംഎൽഎയാണ്. നിലവിൽ കോൺഗ്രസിന്റെ സഞ്ജയ് ശുക്ലയാണ് ഇൻഡോർ-1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.