ഗ്യാന്‍വാപി: സര്‍വേ തുടരാന്‍ അനുവദിച്ച് കോടതി; അഡ്വക്കേറ്റ് കമ്മിഷണറെ മാറ്റണമെന്ന ആവശ്യം തള്ളി
ഉത്തര്‍പ്രദേശ് വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വേ തുടരാമെന്ന് വാരണാസി സിവില്‍ കോടതി. ഗ്യാന്‍വാപി സര്‍വേക്ക് നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷണറെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി. അഡ്വക്കേറ്റ് കമ്മിഷണര്‍ അജയ്കുമാര്‍ മിശ്രയെ മാറ്റണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ മാസം പതിനേഴോടെ സര്‍വേ പൂര്‍ത്തിയാക്കണം എന്ന് വാരണാസി സിവില്‍ കോടതി നിര്‍ദേശിച്ചു.
അഡ്വക്കേറ്റ് കമ്മീഷണര്‍ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മസ്ജിദ് കമ്മിറ്റി അജയ് കുമാര്‍ മിശ്രയെ മാറ്റണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നത്. മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷയില്‍ ഇന്നലെ വാദമുഖങ്ങള്‍ പൂര്‍ത്തിയായിരുന്നു. തര്‍ക്കപ്രദേശത്ത് പ്രാര്‍ത്ഥനയ്ക്ക് അനുവദിക്കണമെന്ന നാല് സ്ത്രീകളുടെ ഹര്‍ജിയിലാണ് സിവില്‍ കോടതി ജഡ്ജി രവികുമാര്‍ ദിവാകര്‍, അജയ്കുമാര്‍ മിശ്ര എന്ന അഭിഭാഷകനെ അഡ്വക്കേറ്റ് കമ്മീഷണറായി നിയമിച്ചത്.
കാശി വിശ്വനാഥ ക്ഷേത്രം ഗ്യാന്‍വാപി മസ്ജിദ് എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയില്‍ സര്‍വ്വേ നടത്താനും, നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. മസ്ജിദിനകത്തും സര്‍വേ നടത്തണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലഘട്ടത്തില്‍, സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചു പള്ളി നിര്‍മിച്ചുവെന്ന വിവാദം തുടരുന്നതിനിടെയാണ് വിഷ യം വാരണാസി സിവില്‍ കോടതി പരിഗണിക്കുന്നത്.