നടിയെ ആക്രമിച്ച കേസ്; എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബ് അന്വേഷണ പുരോഗതി വിലയിരുത്തി
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തി എ ഡി ജി പി ഷെയ്ഖ് ദർബേഷ് സാഹിബ്. കാവ്യ മാധവന്റെ മൊഴി ഉൾപ്പെടെയുള്ള വിവരങ്ങൾ എ ഡി ജി പി പരിശോധിച്ചു. മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകരുതെന്ന് വീണ്ടും എ ഡി ജെ പി കർശന നിർദേശം നൽകി.
ആലുവയിലെ പത്മസരോവരം വീട്ടിൽ വെച്ച് നാലര മണിക്കൂർ ആണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ എല്ലാം കാവ്യ നിഷേധിച്ചു. കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരി ഭർത്താവിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.
ശബ്ദരേഖയിലെ ആരോപണം കാവ്യ ചോദ്യം ചെയ്യലിൽ തള്ളി. ഈ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. കേസിലെ നിർണായക വിവരങ്ങൾ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തുടരന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന ഡിജിറ്റൽ തെളിവുകളുടെയും ദിലീപിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഉള്ള ചോദ്യങ്ങൾക്കും കാവ്യയോട് അന്വേഷണസംഘം ഉത്തരം തേടി.ഉത്തരങ്ങളിൽ തൃപ്തി വരാത്തതുകൊണ്ട് തന്നെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം ഊർജിതമാക്കുകയാണ് ക്രൈംബ്രാഞ്ച്.