മുന്‍കൂര്‍ ജാമ്യം തേടി പി.സി.ജോര്‍ജ്
പാലാരിവട്ടത്തെ മതവിദ്വേഷപ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.സി.ജോര്‍ജ്. ഹര്‍ജി നാളെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസ് എടുത്തിരുന്നു.
ഉണ്ടാക്കുന്ന ഭാഗങ്ങളൊന്നും തന്നെ തന്റെ പ്രസംഗത്തിലില്ലെന്ന് ഹര്‍ജിയില്‍ പി.സി.ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ താന്‍ ജാമ്യം നേടിയിരുന്നു. ഈ കേസില്‍ ജാമ്യം റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് പുതിയ കേസ് എന്നും പി.സി.ജോര്‍ജ് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ടു സര്‍ക്കാര്‍ തടയുകയാണെന്നും അറസ്റ്റു തടയണമെന്നും പി.സി.ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, വിദ്വേഷപ്രസംഗത്തില്‍ പി.സി.ജോര്‍ജ് പ്രഥമദൃഷ്ട്യാ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അറസ്റ്റ് ചെയ്യുകയാണ് സ്വാഭാവിക നടപടി. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.
മതവിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പിസി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ്‌കേസെടുത്തിരിക്കുന്നത്. 53 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം വെണ്ണല ശിവക്ഷേത്രത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പി.സി.ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലും പ്രസംഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലും പി.സി.ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ആണ് കേസെടുത്തത്.