കേരളത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
അതിനിടെ, അസാനി തീവ്ര ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളിൽ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വൈകിട്ടോടെ ആന്ധ്രാ തീരത്തെത്തുന്ന ചുഴലിക്കാറ്റ് നാളെയോടെ ഒഡീഷ തീരത്തേക്ക് നീങ്ങും.
നിലവിൽ വിശാഖപട്ടണത്തിന് 330 കിലോമീറ്ററും, കക്കിനടക്ക് 300 കിലോമീറ്ററും അകലെയാണ് അസാനി തീവ്ര ചുഴലിക്കാറ്റുള്ളത്. വൈകിട്ടോടെ ആഡ്രാതീരത്ത് എത്തുന്ന അസാനി ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കി നീങ്ങുകയും നാളെയോടെ ഓഡീഷയുടെ തീരമേഖല വഴി കടന്നു പോകുമെന്നാണ് പ്രവചനം. എന്നാൽ 24 മണിക്കൂറിനുള്ളിൽ കാറ്റിന്റെ ശക്തി കുറയാൻ സാധ്യതെയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. കാറ്റിന്റെ സ്വാധീനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്.
അതേസമയം ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്ത് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. എന്നാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.