കപ്പിലേക്ക് ഒരേയൊരു പോയിന്റ്; ചരിത്രം കുറിയ്ക്കാൻ ഗോകുലം ഇന്നിറങ്ങും
ഐലീഗിൽ ഗോകുലം കേരള ഇന്ന് ശ്രീനിധി ഡെക്കാനെതിരെ. ഇന്നത്തെ മത്സരത്തിൽ സമനില നേടിയാലും ഗോകുലം കിരീടം ഉറപ്പിക്കും. 16 മത്സരങ്ങളിൽ 12 എണ്ണത്തിലും വിജയക്കൊടി പാറിച്ച ഗോകുലത്തിന് 40 പോയിൻ്റുണ്ട്. ഇന്നത്തേത് ഉൾപ്പെടെ ഇനി രണ്ട് മത്സരങ്ങളാണ് ഗോകുലത്തിനുള്ളത്. ഈ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിൻ്റാണ് കിരീടം സ്വന്തമാക്കാൻ ഗോകുലത്തിനു വേണ്ടത്. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗോകുലം ശ്രീനിധിയെ വീഴ്ത്തിയിരുന്നു. ഇന്ന് രാത്രി 8 മണിക്ക് കൊൽക്കത്ത നേതാജി സ്റ്റേഡിയത്തിലാണ് മത്സരം. 24 യൂട്യൂബ് ചാനലിൽ മത്സരം തത്സമയം കാണാൻ കഴിയും.
തുടരെ 21 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഗോകുലം ഇന്നിറങ്ങുക. സീസണിൽ ഇതുവരെ മലബാറിയൻസ് പരാജയം അറിഞ്ഞിട്ടില്ല. സീസണിലെ 16 മത്സരങ്ങളിൽ 12 എണ്ണം വിജയിച്ച ഗോകുലം ബാക്കി നാലെണ്ണത്തിൽ സമനില പിടിച്ചു. 2021ൽ ചർച്ചിൽ ബ്രദേഴ്‌സിനെതിരെയാണ് ഗോകുലം അവസാനം പരാജയപ്പെട്ടത്. നിലവിൽ, ഐലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരാജയപ്പെടാത്ത ടീമെന്ന റെക്കോർഡും ഗോകുലത്തിനൊപ്പമാണ്. ഈ സീസണിൽ കിരീടം സ്വന്തമാക്കാൻ സാധിച്ചാൽ ഐലീഗിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാവും ഗോകുലം. ഈ കളിയിലും അടുത്ത കളിയിലും തോൽക്കാതിരുന്നാൽ സീസണിൽ ഒരു തവണ പോലും പരാജയമറിയാത്ത ടീമെന്ന നേട്ടവും മലബാറിയൻസിനെ നേടിയെത്തും.