Kerala

കെഎസ്ആർടിസി സ്വിഫ്റ്റ് നാല് മണിക്കൂർ വൈകി; നടപടിയെടുത്ത് മാനേജ്മെന്റ്

Spread the love

പത്തനംതിട്ടയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വൈകിയതിൽ നടപടിയെടുത്ത് മാനേജ്മെന്റ്. സ്വിഫ്റ്റ് ബസ് വൈകിയതിന് ശേഷം ബദൽ സംവിധാനം ഒരുക്കാൻ വൈകിയതിന് പത്തനംതിട്ട എടിഒയോട് എം.ഡി വിശദീകരണം തേടി. ഇന്നലെ വൈകിട്ട് പുറപ്പെടേണ്ട മം​ഗളൂരു ബസ് ഡ്രൈവർ എത്താത്തതിനാൽ നാല് മണിക്കൂറിലധികം വൈകിയിരുന്നു.

സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടറുമാരായ രണ്ടുപേര്‍ ഡ്യൂട്ടിക്ക് വരാതെ മുങ്ങിയതോടെയാണ് യാത്രക്കാര്‍ നാലര മണിക്കൂര്‍ കുടുങ്ങിയത്. പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ചുമണിക്ക് പോകേണ്ടിയിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസാണ് ജീവനക്കാരുടെ അനാസ്ഥ കാരണം സ്റ്റാന്റില്‍ കിടന്നത്. നാലുമണിക്ക് ജോലിക്കെത്തേണ്ട ഇരുവരും ഡിപ്പോയിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നു. ഇതറിഞ്ഞതോടെ യാത്രക്കാര്‍ സ്റ്റാന്റില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. യാത്രക്കാരുടെ കൂട്ടത്തില്‍ റെയില്‍വെ റിക്രൂട്‌മെന്റ് ബോര്‍ഡ് പരീക്ഷക്കെത്തേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികളുമുണ്ടായിരുന്നു.

സ്വിഫ്റ്റിലെ യാത്രക്കാര്‍ ബഹളം വെച്ച് സ്റ്റാന്റിലെ മറ്റ് ബസുകളുടെ സര്‍വീസും തടഞ്ഞു. മറ്റ് സ്വിഫ്റ്റ് ബസ് ജീവനക്കാരെ പകരമെത്തിച്ച് സര്‍വീസ് പുനരാരംഭിക്കാന്‍ ഡിപ്പോയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും കയ്യൊഴിഞ്ഞതോടെ ഡിപ്പോയില്‍ നിന്ന് പത്തനാപുരവുമായി ബന്ധപ്പെട്ടത് വഴി രണ്ടുപേര്‍ എത്തുമെന്ന ഉറപ്പിലാണ് ആശങ്ക ഒഴിഞ്ഞത്. ഞായര്‍ വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട ബസാണ് വൈകി രാത്രി ഒമ്പതോടെ സര്‍വീസ് ആരംഭിച്ചത്.