National

ഹനുമാന്‍ ചാലിസ വിവാദം; റാണ ദമ്പതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ്

Spread the love

ഹനുമാന്‍ ചാലിസ വിവാദത്തില്‍ നവ്‌നീത് റാണ എംപിയുടെയും ഭര്‍ത്താവ് മുന്‍ എംഎല്‍എ കൂടിയായ രവി റാണയുടെയും ജാമ്യം റദ്ദാക്കണമെന്ന് മുംബൈ പൊലീസ്. കോടതി നിര്‍ദേശിച്ചിട്ടുള്ള ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പൊലീസ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് റാണ ദമ്പതിമാര്‍ അറസ്റ്റിലായത്. മെയ് നാലിന് മുംബൈ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഹനുമാന്‍ ചാലിസ കേസുമായി ബന്ധപ്പെട്ട് ഇരവരും തുടര്‍ പ്രസ്താവനകള്‍ നടത്തരുതെന്നും മാധ്യമങ്ങളെ കാണരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരുന്നു.

ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ധവ് താക്കറെയെ വെല്ലുവിളിക്കുന്നുവെന്നും സ്ത്രീശക്തി എന്താണെന്ന് കാണിച്ചുതരാമെന്നും നവ്‌നീത് റാണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ ഹനുമാന്‍ ചാലിസ വായിക്കുന്നത് കുറ്റമാണെങ്കില്‍ 14 വര്‍ഷം ജയിലില്‍ കഴിയാന്‍ തയ്യാറാണെന്നും രവി റാണ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
രാമന്റെയും ഹനുമാന്റെയും പേരില്‍ തന്നോട് ക്രൂരത കാട്ടിയെന്നും രവി റാണ പറഞ്ഞിരുന്നു. ഇതോടെയാണ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.