National

വാരണാസി മുസ്ലിം പള്ളിക്കരികെ നിന്ന് സ്വസ്തികകൾ കണ്ടെത്തി

Spread the love

ഉത്തർ പ്രദേശിലെ വാരണാസിയിൽ മുസ്ലിം പള്ളിക്കരികെ നിന്ന് സ്വസ്തികകൾ കണ്ടെത്തി. വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനു സമീപത്തുനിന്ന് ഒരു സർവേയ്ക്കിടെയാണ് രണ്ട് സ്വസ്തികകൾ കണ്ടെത്തിയത്. ശനിയാഴ്ച ആയിരുന്നു സംഭവം. തുടർന്ന് പ്രതിഷേധം ഉയർന്നതിനു പിന്നാലെ സർവേ നിർത്തിവച്ചു.

നിറം മങ്ങിയ രണ്ട് സ്വസ്തികകളാണ് കണ്ടെത്തിയതെന്നും പുരാതന കാലത്ത് സ്ഥാപിച്ചതാവാം ഇവയെന്നും സർവേ നടത്തിയവർ പറഞ്ഞു.

പള്ളിയുടെ മതിലിനരികെ നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും അതുകൊണ്ട് ഇവിടെ പ്രാർത്ഥന നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ചില യുവതികൾ കോടതിയെ സമീപിച്ചിരുന്നു. ഡൽഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീത സാഹു എന്നിവരാണ് വാരണാസി ജില്ലാ കോടതിയെ സമീപിച്ചത്. തുടർന്ന് കോടതിയുടെ ഉത്തരവനുസരിച്ച് സർവേ നടത്തുകയായിരുന്നു.

അതേസമയം, മറ്റൊരു കോർട്ട് കമ്മീഷണറെ നിയമിക്കുന്നതുവരെ സർവേ നടത്തരുതെന്ന് പള്ളിക്കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തീരുമാനം ആകുന്നതുവരെ സർവേ നടത്തില്ലെന്ന് അധികൃതർ പറഞ്ഞു. തങ്ങളെ അകത്തേക്ക് കയറാൻ അനുവദിക്കാതെ നൂറോളം മുസ്ലിം യുവാക്കൾ പള്ളിക്ക് ചുറ്റും അണിനിരന്നു. അതുകൊണ്ട് തന്നെ ബാക്കി സർവേ നടന്നില്ലെന്നും അധികൃതർ അറിയിച്ചു.