Kerala

പാചകവാതക വില വർധന; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമ‍ര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Spread the love

പാചകവാതക വില വർധനയിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമ‍ര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടുക്കള തന്നെ പൂട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ 405 രൂപ മാത്രമായിരുന്നു പാചകവാതകത്തിന്റെ വില. വിലവ‍ര്‍ധനയ്ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഒമ്പത് മാസത്തിനിടെ 255 രൂപ സിലിണ്ടറിന് കൂട്ടി. ഉപഭോക്താക്കള്‍ക്ക് സബ്‍സിഡി നൽകിയിരുന്നത് മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ വിലയും ഇടയ്ക്കിടെ കൂട്ടുകയാണ്. ഇന്ധനവില പിടിച്ചുനിര്‍ത്തുമെന്ന ബിജെപി വാഗ്‍ദാനം പാഴായെന്നും സിപിഐഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ സബ്‌സിഡികളും വെട്ടിക്കുറക്കുകയെന്ന ആഗോളവത്ക്കരണ നയം പിന്തുടരുന്ന കോണ്‍ഗ്രസ്സിന്റേയും, ബി.ജെ.പിയുടേയും നയങ്ങളാണ്‌ ഇത്തരമൊരു സ്ഥിതി വിശേഷം രാജ്യത്ത്‌ ശൃഷ്ടച്ചത്‌. ആഗോളവല്‍ക്കരണ നയങ്ങളാരംഭിക്കുന്നതിന്‌ മുമ്പ്‌ 55.50 രൂപ നിലനിന്നിരുന്ന വിലയാണ്‌ ഇപ്പോള്‍ ഇത്തരത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നത്‌.

കൊവിഡിന്റെ പിടിയില്‍ നിന്ന്‌ കരകയറാന്‍ രാജ്യം പ്രയാസപ്പെടുമ്പോഴുള്ള വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു.