സില്‍വര്‍ ലൈനില്‍ രാഷ്ട്രീയമില്ല; അതിജീവനത്തിന്റെ കാര്യമെന്ന് കെ സുധാകരന്‍
സില്‍വര്‍ ലൈന്‍ പദ്ധതി അതിജീവനത്തിന്റെ കാര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിയില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. ആരെ ബോധ്യപ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതെന്ന് കെ സുധാകരന്‍ ചോദിച്ചു. പദ്ധതിയുടെ പിറകില്‍ ആകര്‍ഷണീയമായ എന്തോ ഉണ്ട്. എന്ത് പദ്ധതിക്കും കമ്മിഷന്‍ വാങ്ങുന്നതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
കേരളത്തിന് സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ആഘാതം ഉണ്ടാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഒരു കാരണവശാലും നടത്താന്‍ അനുവദിക്കില്ല. പദ്ധതി പതിനായിരകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കും. നിരവധി പേരുടെ ജീവനോപധി ഇല്ലാതാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിന് ഭീമമായ തുക ചെലവ് വരുന്ന ഈ പദ്ധതി കൊണ്ട് എന്തുഗുണമാണ് ലഭിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.
കൃത്യമായ വിശദ പദ്ധതിരേഖയോ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോ ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കെ.റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സില്‍വര്‍ലൈനിന് എതിരായ ജനകീയ പ്രതിഷേധങ്ങളെ അധികാരഗര്‍വ്വ് ഉപയോഗിച്ച് കായികമായി നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും കെ പി സി സി പ്രസിഡന്റ് കുറ്റപ്പെടുത്തി.