World

നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കം; കാനഡയെ പിന്തുണച്ച് യുഎസും യുകെയും

Spread the love

നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും . ഇന്ത്യയുടെ നടപടിയിൽ ആശങ്കയുണ്ടെന്ന് അമേരിക്ക പ്രതികരിച്ചു. കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ നിർബന്ധിക്കരുതെന്നും 1961ലെ വിയന്ന കൺവെൻഷൻ ഇന്ത്യ പാലിക്കണമെന്ന് അമേരിക്ക അമേരിക്ക ആവശ്യപ്പെട്ടു.നിരവധി കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യ വിടുന്നതിന് കാരണമായ ഇന്ത്യൻ സർക്കാരിന്റെ തീരുമാനങ്ങളോട് യോജിക്കുന്നില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

നയതന്ത്ര ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യം കുറയ്ക്കണമെന്ന് ഇന്ത്യ നിർബന്ധിക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു. ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം ഗണ്യമായി കുറയ്ക്കണമെന്നഇന്ത്യൻ സർക്കാരിന്റെ ആവശ്യത്തിന് പിന്നാലെ കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയിൽ നിന്ന് പോയതിൽ ആശങ്കയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

കനേഡിയൻ പൗരനും സിഖ് വിഘടനവാദി നേതാവുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെ തുടർന്നാണ് നയതന്ത്ര പ്രശ്നങ്ങൾ ഉടലെടുത്തത്. കാനഡയുടെ ആരോപണങ്ങൾ ഗൗരവമായി കാണുന്നുവെന്നും കൊലപാതക അന്വേഷണത്തിൽ കാനഡയുമായി സഹകരിക്കാൻ ഇന്ത്യയോട് അഭ്യർഥിച്ചെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.

സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കാഡന കഴിഞ്ഞ ദിവസം 41 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് പിൻവലിച്ചത്.