Uncategorized

മൊബൈല്‍ മാധ്യമപ്രവര്‍ത്തകര്‍ കടന്നുകയറുന്നു; ചന്തുവിന്റെ പ്രതികരണം സ്വഭാവികം: രമേഷ് പിഷാരടി

Spread the love

 

പാലക്കാട്: നടന്‍ സലിം കുമാറിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ മകന്‍ ചന്തു ഓണ്‍ലൈന്‍ ഹാന്‍ഡിലുകളോട് രൂക്ഷമായി പ്രതികരിച്ച വിഷയത്തില്‍ രമേഷ് പിഷാരടി എംഎല്‍എ. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ വലിയ ഉദാഹരണമാണ് സലിം കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ കണ്ടതെന്ന് രമേഷ് പിഷാരടി പറഞ്ഞു. ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

 

‘ഒരു പറ്റം മൊബൈല്‍ മാധ്യമ പ്രവര്‍ത്തകര്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങില്‍ അനാവശ്യമായി തിരക്കുണ്ടാക്കി. മുഖ്യമന്ത്രിയും സലിം കുമാറിന്റെ മകനുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും പലരും തിക്കുംതിരക്കും കൂട്ടി. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ചിത്രീകരിക്കുന്നത് തെറ്റല്ല. എന്നാല്‍ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന കാഴ്ചയാണ് സലിം കുമാറിന്റെ മരണ ദിവസം കാണാന്‍ സാധിച്ചത്’, രമേഷ് പിഷാരടി പറഞ്ഞു.

 

മൊബൈല്‍ മാധ്യമപ്രവര്‍ത്തകര്‍ കടന്നുകയറുന്നുവെന്നും രമേഷ് പിഷാരടി വിമര്‍ശിച്ചു. ചന്തു മനസ് വേദനിച്ചാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ഹാന്‍ഡിലുകള്‍ വിവേകപൂര്‍വ്വം പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹിം എംപിയും ചന്തുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.’അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ നില്‍ക്കുന്ന അതിവൈകാരിക നിമിഷത്തില്‍ പോലും ക്യാമറകളുമായി ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണ്. ഏതൊരാളും അങ്ങനെയേ പ്രതികരിക്കൂ. കയ്യിലൊരു മൊബൈല്‍ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്’, എ എ റഹിം പ്രതികരിച്ചു.